ലൂക്കോസ് 12:1-34

ലൂക്കോസ് 12:1-34 MCV

ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും. “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ. “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും. മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും. മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല. “നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല; നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.” ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു. അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു. അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു. അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി. എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു. “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു. പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും. “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു. “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.” ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്? കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്? “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും! നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്. ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. “ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു. നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.