ലേവ്യ 8
8
അഹരോന്റെയും പുത്രന്മാരുടെയും പ്രതിഷ്ഠ
1യഹോവ മോശയോട് അരുളിച്ചെയ്തു: 2“അഹരോനെയും പുത്രന്മാരെയും അവരോടുകൂടെ വസ്ത്രം, അഭിഷേകതൈലം, പാപശുദ്ധീകരണയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാർ, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരിക; 3മുഴുസഭയെയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൂട്ടുക.” 4യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു, സഭ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നുകൂടി.
5മോശ സഭയോടു പറഞ്ഞു: “യഹോവ ചെയ്യണമെന്ന് അരുളിച്ചെയ്തത് ഇതാണ്.” 6പിന്നെ മോശ അഹരോനെയും പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന് അവരെ വെള്ളത്തിൽ കഴുകി. 7അദ്ദേഹം അഹരോനെ കുപ്പായം ധരിപ്പിച്ചു, അരക്കച്ച ചുറ്റിക്കെട്ടി, മേലങ്കി അണിയിച്ചു. ഏഫോദ്#8:7 അഥവാ, പുരോഹിതവസ്ത്രം ധരിപ്പിച്ചു. വിദഗ്ധമായി നെയ്ത അതിന്റെ അരക്കച്ചകൊണ്ട് അദ്ദേഹം ഏഫോദ് ചേർത്തുകെട്ടി. 8അദ്ദേഹത്തെ നിർണയപ്പതക്കം അണിയിച്ചു. നിർണയപ്പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു. 9ഇതിനുശേഷം യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അഹരോന്റെ തലയിൽ തലപ്പാവുവെച്ച് അതിന്റെ മുന്നിലായി വിശുദ്ധകിരീടമായ തങ്കംകൊണ്ടുള്ള നെറ്റിപ്പട്ടം വെച്ചു.
10പിന്നെ മോശ അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിനകത്തുള്ള സകലതും അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു. 11അദ്ദേഹം കുറെ തൈലം പീഠത്തിന്മേൽ ഏഴുപ്രാവശ്യം തളിച്ചു, യാഗപീഠവും അതിലെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. 12അദ്ദേഹം അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അദ്ദേഹത്തെ അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു. 13യഹോവ മോശയോടു കൽപ്പിച്ചതുപോലെ, പിന്നീട് അദ്ദേഹം അഹരോന്റെ പുത്രന്മാരെ മുമ്പോട്ടുകൊണ്ടുവന്ന് അവരെ കുപ്പായം ധരിപ്പിച്ചു. അരക്കച്ച കെട്ടി, ശിരോവസ്ത്രവും വെച്ചു.
14ഇതിനുശേഷം മോശ പാപശുദ്ധീകരണയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു, അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു. 15മോശ കാളയെ അറത്ത്, രക്തം കുറെ എടുത്ത് അദ്ദേഹത്തിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, യാഗപീഠത്തെ ശുദ്ധീകരിച്ചു. ശേഷിച്ചരക്തം അദ്ദേഹം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ പ്രായശ്ചിത്തം അർപ്പിക്കാൻ അദ്ദേഹം യാഗപീഠത്തെ ശുദ്ധീകരിച്ചു. 16മോശ, ആന്തരികാവയവങ്ങൾക്കു ചുറ്റുമുള്ള എല്ലാ മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് യാഗപീഠത്തിൽ ദഹിപ്പിച്ചു. 17എന്നാൽ യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം കാളയെ അതിന്റെ തുകൽ, മാംസം, ചാണകം എന്നിവയോടുകൂടെ പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളഞ്ഞു.
18പിന്നെ അദ്ദേഹം ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെച്ചു. 19പിന്നെ മോശ ആട്ടുകൊറ്റനെ അറത്തു രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 20അദ്ദേഹം ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു. 21യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തിൽ കഴുകി ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
22പിന്നെ അദ്ദേഹം പ്രതിഷ്ഠയ്ക്കുള്ള രണ്ടാമത്തെ ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെച്ചു. 23മോശ ആട്ടുകൊറ്റനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടി. 24അഹരോന്റെ പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന്, മോശ അവരുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും രക്തം പുരട്ടി. പിന്നെ അദ്ദേഹം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിച്ചു. 25ഇതിനുശേഷം അദ്ദേഹം മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിലുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുത്തു. 26പിന്നെ യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരുന്ന കുട്ടയിൽനിന്ന് അദ്ദേഹം ഒരു വടയും ഒലിവെണ്ണചേർത്തുണ്ടാക്കിയ ഒരു അടയും ഒരു ദോശയും എടുത്ത്, മേദസ്സിന്മേലും വലതുതുടയിന്മേലും വെച്ചു. 27അദ്ദേഹം ഇവയെല്ലാം എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും കൈയിലും വെച്ച്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു. 28അതിനുശേഷം മോശ അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തിന്മേൽ ദഹിപ്പിച്ചു; ഇത് ഹൃദ്യസുഗന്ധമായ പ്രതിഷ്ഠായാഗം; യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ. 29പ്രതിഷ്ഠായാഗത്തിനുള്ള ആട്ടുകൊറ്റനിൽ മോശയുടെ ഓഹരിയായ നെഞ്ച് എടുത്തു യഹോവ മോശയോടു കൽപ്പിച്ചതുപോലെ യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
30പിന്നെ മോശ കുറച്ച് അഭിഷേകതൈലവും യാഗപീഠത്തിൽനിന്ന് കുറച്ച് രക്തവും എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളുടെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേൽ തളിച്ചു. അങ്ങനെ അദ്ദേഹം അഹരോനെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും അദ്ദേഹത്തിന്റെ പുത്രന്മാരെയും അവരുടെ വസ്ത്രങ്ങളും വിശുദ്ധീകരിച്ചു.
31ഇതിനുശേഷം മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “ ‘അഹരോനും പുത്രന്മാരും അതു ഭക്ഷിക്കണം’ എന്നു ഞാൻ കൽപ്പിച്ചതുപോലെ, സമാഗമകൂടാരവാതിലിൽ മാംസം പാകംചെയ്ത്, പ്രതിഷ്ഠായാഗത്തിനുള്ള കുട്ടയിലെ അപ്പത്തോടുകൂടെ അതു ഭക്ഷിക്കണം. 32ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിക്കണം. 33നിങ്ങളുടെ പ്രതിഷ്ഠാശുശ്രൂഷ ഏഴുദിവസമാണ്. അതു കഴിയുന്നതുവരെ, ഏഴുദിവസത്തേക്ക് സമാഗമകൂടാരത്തിന്റെ കവാടംവിട്ട് പുറത്തുപോകരുത്. 34യഹോവ കൽപ്പിച്ചതനുസരിച്ചു നിങ്ങൾക്കുവേണ്ടിയുള്ള പ്രായശ്ചിത്തമാണ് ഇന്നു ചെയ്തത്. 35നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് ഏഴു രാവും ഏഴു പകലും യഹോവ ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊണ്ട് സമാഗമകൂടാരവാതിലിൽ താമസിക്കണം; അങ്ങനെയാണ് എന്നോടു കൽപ്പിച്ചിരിക്കുന്നത്.”
36അങ്ങനെ യഹോവ മോശമുഖാന്തരം കൽപ്പിച്ചതെല്ലാം അഹരോനും പുത്രന്മാരും ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലേവ്യ 8: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.