ലേവ്യ 23:39-44

ലേവ്യ 23:39-44 MCV

“ ‘അതുകൊണ്ട് ഏഴാംമാസം പതിനഞ്ചാംദിവസം തുടങ്ങി, നിങ്ങൾ നിലത്തിലെ വിളവെല്ലാം ശേഖരിച്ചതിനുശേഷം ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആഘോഷിക്കുക; ഒന്നാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്; എട്ടാംദിവസവും വിശ്രമത്തിനുള്ള ശബ്ബത്താണ്. ഒന്നാംദിവസം വൃക്ഷങ്ങളിൽനിന്ന് മേൽത്തരമായ ഫലവും കുരുത്തോലയും ഇലയുള്ള ശിഖരങ്ങളും ആറ്റലരിയും (വെള്ളിലമരം) എടുത്തുകൊണ്ട് ഏഴുദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. ഓരോവർഷവും ഇതു യഹോവയ്ക്ക് ഒരു ഉത്സവമായി ഏഴുദിവസം ആഘോഷിക്കണം. ഇതു വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം ഇത് ഏഴാംമാസത്തിൽ ആഘോഷിക്കണം. ഏഴുദിവസം കൂടാരങ്ങളിൽ പാർക്കണം; എല്ലാ സ്വദേശീയരായ ഇസ്രായേല്യരും കൂടാരങ്ങളിൽ പാർക്കണം. അങ്ങനെ ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്നപ്പോൾ ഞാൻ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ” ഇപ്രകാരം മോശ യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങൾ ഇസ്രായേൽമക്കളോട് അറിയിച്ചു.