യോഹന്നാൻ 11:25-36

യോഹന്നാൻ 11:25-36 MCV

യേശു അവളോടു ചോദിച്ചു, “ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവിക്കും; എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നോ?” അവൾ പറഞ്ഞു: “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരാനുള്ള ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു.” ഇതു പറഞ്ഞശേഷം അവൾ തിരികെപ്പോയി സഹോദരിയായ മറിയയെ അടുക്കൽ വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ അന്വേഷിക്കുന്നു” എന്നു രഹസ്യമായി പറഞ്ഞു. ഇതു കേട്ടു മറിയ വേഗം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്കുപോയി. യേശു ആ സമയംവരെ ഗ്രാമത്തിൽ കടക്കാതെ, മാർത്ത തന്നെ എതിരേറ്റ ആ സ്ഥലത്തുതന്നെ ആയിരുന്നു. മറിയയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് അവളോടൊപ്പം ഭവനത്തിൽ ഉണ്ടായിരുന്ന യെഹൂദർ, അവൾ വേഗത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതുകണ്ട്, കല്ലറയ്ക്കൽ ചെന്നു കരയാൻ പോകുന്നു എന്നുകരുതി അവളുടെ പിന്നാലെ ചെന്നു. യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു. “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു. “കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു. യേശു കരഞ്ഞു. അപ്പോൾ യെഹൂദർ പറഞ്ഞു, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!”