ന്യായാധിപന്മാർ 16:1-14

ന്യായാധിപന്മാർ 16:1-14 MCV

ഒരു ദിവസം ശിംശോൻ ഗസ്സായിലേക്കുപോയി അവിടെ ഒരു വേശ്യയെ കണ്ടുമുട്ടി, ആ രാത്രി അവളോടൊപ്പം ചെലവഴിക്കുന്നതിനുവേണ്ടിപ്പോയി. “ശിംശോൻ ഇവിടെ വന്നിരിക്കുന്നു!” എന്നു ഗസ്സായിലുള്ളവർക്ക് അറിവുകിട്ടി; അവർ അവിടം വളഞ്ഞു. അദ്ദേഹത്തെ പിടിക്കാൻ ആ രാത്രിമുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ നമുക്ക് അയാളെ കൊല്ലാം,” എന്നു പറഞ്ഞ് രാത്രിമുഴുവനും അവർ അനങ്ങാതിരുന്നു. എന്നാൽ ശിംശോൻ അവിടെ അർധരാത്രിവരെമാത്രം കിടന്നശേഷം, എഴുന്നേറ്റ് പട്ടണകവാടത്തിന്റെ കതകുകൾ കട്ടിളക്കാൽ രണ്ടുംകൂടെ പറിച്ചെടുത്ത്, വെവ്വേറെയാക്കി തോളിൽവെച്ച് ഹെബ്രോനുനേരേയുള്ള മലമുകളിലേക്കു കൊണ്ടുപോയി. ചില നാളുകൾക്കുശേഷം സോരേക് താഴ്വരയിൽ ദലീല എന്നു പേരുള്ള ഒരു സ്ത്രീയുമായി അദ്ദേഹം സ്നേഹത്തിലായി. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുത്തുചെന്ന്, “നീ അയാളെ വശീകരിച്ച് അയാളുടെ മഹാശക്തി ഏതിൽനിന്ന് എന്ന് ഗ്രഹിച്ച്, ഞങ്ങൾക്ക് അയാളെ പിടിച്ചുകെട്ടി കീഴടക്കാൻ എങ്ങനെ സാധിക്കും എന്നു മനസ്സിലാക്കണം. എങ്കിൽ ഞങ്ങൾ ഓരോരുത്തരും നിനക്ക് ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളിവീതം തരാം” എന്നു പറഞ്ഞു. അങ്ങനെ ദലീല ശിംശോനോടു ചോദിച്ചു: “അങ്ങയുടെ മഹാശക്തിയുടെ രഹസ്യമെന്താണ്? അങ്ങയെ എങ്ങനെ ബന്ധിച്ച് കീഴടക്കാം എന്നു ദയവായി എന്നോടു പറയുക.” ശിംശോൻ മറുപടി പറഞ്ഞു: “ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുമനുഷ്യരെപ്പോലെ ആകും.” ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പുതിയ ഞാൺ കൊണ്ടുവന്ന് അവൾക്കുകൊടുത്തു. അവൾ അവകൊണ്ട് അദ്ദേഹത്തെ ബന്ധിച്ചു. ഉൾമുറിയിൽ അവൾ ആളുകളെ ഒളിപ്പിച്ചിരുന്നു. പിന്നെ അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം, തീ ചണനൂലിനെ എന്നപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു. ഇതുമൂലം അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യം വെളിവായതുമില്ല. പിന്നെ ദലീല ശിംശോനോട്, “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ ഏതിനാൽ കീഴടക്കാം എന്ന് ഇപ്പോൾ എനിക്ക് പറഞ്ഞുതരണം” എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു: “മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുള്ളവരെപ്പോലെ ആകും.” ദലീല ഒരു പുതിയ കയർകൊണ്ട് അവനെ ബന്ധിച്ചു; ഉൾമുറിയിൽ പതിയിരിപ്പുകാരെ ഇരുത്തിയിട്ട് അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം തന്റെ കൈയിൽ കെട്ടിയിരുന്ന കയർ ഒരു നൂൽപോലെ പൊട്ടിച്ചുകളഞ്ഞു. ദലീല ശിംശോനോട് പറഞ്ഞു: “ഇതുവരെ അങ്ങ് എന്നെ കബളിപ്പിച്ചു. എന്നോട് നുണ പറഞ്ഞു. അങ്ങയെ എങ്ങനെ ബന്ധിക്കാമെന്ന് എന്നോടു പറയണം.” അദ്ദേഹം മറുപടി പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട നൂൽപ്പാവിൽച്ചേർത്ത് ആണിയുറപ്പിച്ച് നെയ്താൽ ഞാൻ മറ്റുമനുഷ്യരെപ്പോലെ ബലഹീനനായിത്തീരും.” അങ്ങനെ, അദ്ദേഹം ഉറങ്ങിയപ്പോൾ ദലീല അദ്ദേഹത്തിന്റെ തലയിലെ ഏഴു ജടയെടുത്ത് പാവിനോടുചേർത്തു നെയ്ത് ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്തു. വീണ്ടും അവൾ അദ്ദേഹത്തോട് വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” അദ്ദേഹം ഉറക്കമുണർന്ന് ആണിയും തറിയും നൂൽപ്പാവും പറിച്ചെടുത്തുകളഞ്ഞു.