യാക്കോബ് 1:12-21

യാക്കോബ് 1:12-21 MCV

പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും. പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല. എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു. എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്. ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല. നാം അവിടത്തെ സൃഷ്ടികളിൽ ഒരുവിധത്തിലുള്ള ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്തിലൂടെ നമുക്കു ജന്മമേകാൻ, അവിടന്ന് പ്രസാദിച്ചു. എന്റെ പ്രിയസഹോദരങ്ങളേ, എല്ലാ മനുഷ്യരും കേൾക്കാൻ വേഗവും സംസാരിക്കാൻ സാവധാനതയും കോപിക്കാൻ താമസവും ഉള്ളവരായിരിക്കണമെന്നു നിങ്ങൾ അറിയുക. മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല. ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക.