യെശയ്യാവ് 30:19-26

യെശയ്യാവ് 30:19-26 MCV

ജെറുശലേമിൽ വസിക്കുന്ന സീയോൻജനമേ, ഇനിയൊരിക്കലും നിങ്ങൾ കരയുകയില്ല. നിങ്ങൾ സഹായത്തിനായി നിലവിളിക്കുമ്പോൾ അവിടത്തേക്ക് നിങ്ങളോടു കരുണയുണ്ടാകും! അതു കേൾക്കുമ്പോൾത്തന്നെ അവിടന്ന് ഉത്തരമരുളും. കർത്താവ് നിങ്ങൾക്ക് അപ്പത്തിന്റെ സ്ഥാനത്തു കഷ്ടതയും ജലത്തിനു പകരം പീഡനവുമാണ് തന്നതെങ്കിലും നിന്റെ ഗുരുക്കന്മാർ ഇനി അദൃശ്യരായിരിക്കുകയില്ല; നിന്റെ കണ്ണുകൾ നിന്റെ ഗുരുക്കന്മാരെ കാണും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, “വഴി ഇതാകുന്നു, ഇതിലെ നടന്നുകൊൾക” എന്നൊരു വാക്ക് നിന്റെ പിന്നിൽ നിന്റെ കാതുകൾതന്നെ കേൾക്കും. വെള്ളി പൊതിഞ്ഞ വിഗ്രഹങ്ങളെയും സ്വർണം പൂശിയ വാർപ്പുരൂപങ്ങളെയും നിങ്ങൾ അശുദ്ധമാക്കും. ആർത്തവരക്തം പുരണ്ട തുണി എന്നപോലെ നിങ്ങൾ, “ദൂരെ പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞ് അവയെ എറിഞ്ഞുകളയും. അപ്പോൾ അവിടന്ന് നിങ്ങൾ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തെ വിളവിൽനിന്ന് നിങ്ങൾക്ക് ആഹാരവും നൽകും. അതു പൗഷ്ടികവും സമൃദ്ധവുമാകും. ആ ദിവസത്തിൽ നിങ്ങളുടെ കന്നുകാലികൾ വിസ്തൃതമായൊരു മേച്ചിൽസ്ഥലത്ത് മേയും. നിലം ഉഴുന്ന കാളകളും കഴുതകളും, കവരത്തടിയും തൂമ്പയുംകൊണ്ടു വിരിച്ചിട്ട കാലിത്തീറ്റയും പതിരുനീക്കപ്പട്ട ധാന്യവും തിന്നും. ആ മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ നിലംപൊത്തുമ്പോൾ ഉന്നതമായ എല്ലാ പർവതങ്ങളിലും ഉയരമുള്ള എല്ലാ കുന്നുകളിലും അരുവികൾ ഒഴുകിത്തുടങ്ങും. യഹോവ തന്റെ ജനത്തിന്റെ മുറിവുകെട്ടുകയും താൻ വരുത്തിയ മുറിവു ഭേദമാക്കുകയും ചെയ്യുന്ന ദിവസത്തിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശംപോലെയാകുകയും സൂര്യന്റെ പ്രകാശം ഏഴുപകലിന്റെ പ്രകാശം ചേർന്നതുപോലെ ഏഴുമടങ്ങ് ദീപ്തമായിരിക്കുകയും ചെയ്യും.