എബ്രായർ 6:13-20

എബ്രായർ 6:13-20 MCV

ദൈവം അബ്രാഹാമിനു വാഗ്ദാനം നൽകിയപ്പോൾ, ശപഥംചെയ്യാൻ തന്നെക്കാൾ വലിയവരാരും ഇല്ലാത്തതുമൂലം, സ്വന്തം നാമത്തിൽ ശപഥംചെയ്തു: “ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും, ഞാൻ നിന്നെ ഏറ്റവും വർധിപ്പിക്കും.” എന്ന് അരുളിച്ചെയ്തു. അതനുസരിച്ച്, അബ്രാഹാം ദീർഘക്ഷമയോടെ വാഗ്ദാനനിവൃത്തിക്കായി കാത്തിരുന്നു; അതു ലഭിക്കുകയും ചെയ്തു. തങ്ങളെക്കാൾ ഉന്നതരെക്കൊണ്ടാണ് മനുഷ്യർ ശപഥംചെയ്യുന്നത്. അങ്ങനെയുള്ള ശപഥം, വാഗ്ദാനം നിറവേറപ്പെടുമെന്ന് ഉറപ്പ് നൽകുകയും എല്ലാ തർക്കത്തിനും അന്തം വരുത്തുകയുംചെയ്യുന്നു. ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി. ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും മാറ്റം വരിക അസാധ്യം. നമ്മുടെമുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ചോടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്. ഈ പ്രത്യാശ നമ്മുടെ പ്രാണന് തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിക്കാൻ പര്യാപ്തമായ സുദൃഢവും സുഭദ്രവുമായ ഒരു നങ്കൂരം ആകുന്നു! അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു.