എബ്രായർ 10:10-23

എബ്രായർ 10:10-23 MCV

യേശുക്രിസ്തു ഒരിക്കൽമാത്രം അർപ്പിച്ച ശരീരയാഗത്തിലൂടെ, നമ്മെ വിശുദ്ധരാക്കിയിരിക്കുന്നത് അവിടത്തെ ഇഷ്ടം നിമിത്തമാണ്. ഓരോ പുരോഹിതനും നിന്നുകൊണ്ട്, ഒരിക്കലും പാപനിവാരണം വരുത്താൻ കഴിവില്ലാത്ത ഒരേതരം യാഗങ്ങൾ വീണ്ടും വീണ്ടും അർപ്പിച്ച് ദിനംപ്രതി തന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഈ മഹാപുരോഹിതനാകട്ടെ, പാപനിവാരണം വരുത്തുന്ന അദ്വിതീയയാഗം എന്നേക്കുമായി അർപ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി; അവിടത്തെ ശത്രുക്കൾ തന്റെ പാദപീഠമാകുന്നതിനായി കാത്തിരിക്കുന്നു. അവിടന്ന് ഒരേയൊരു യാഗത്താൽ വിശുദ്ധരാക്കപ്പെടുന്നവരെ എന്നേക്കുമായി സമ്പൂർണരാക്കിയിരിക്കുന്നു. പരിശുദ്ധാത്മാവും നമ്മോട് ഇതേപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു: “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും, എന്നു കർത്താവിന്റെ അരുളപ്പാട്” എന്നിങ്ങനെ അവിടന്ന് ആദ്യം പ്രഖ്യാപിക്കുന്നു. തുടർന്ന്, “അവരുടെ പാപങ്ങളും ദുഷ്ചെയ്തികളും ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” എന്നും പറയുന്നു. ഇവയുടെയെല്ലാം നിവാരണം വന്നയിടത്ത് ഇനി ഒരു പാപനിവാരണയാഗത്തിനും സാംഗത്യമില്ല. അതുകൊണ്ടു സഹോദരങ്ങളേ, നമുക്ക് യേശുവിന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ, കർത്താവുതന്നെ തുറന്നുതന്ന ജീവനുള്ള നവീനമാർഗത്തിലൂടെ, യേശുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള ധൈര്യവും ദൈവഭവനത്തിനുമേൽ പരമാധികാരിയായ ഒരു മഹാപുരോഹിതനും ഉണ്ട്. അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക. നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ!