എസ്രാ 3:8-13

എസ്രാ 3:8-13 MCV

ജെറുശലേമിലെ ദൈവത്തിന്റെ ഭവനത്തിലെത്തിയതിന്റെ രണ്ടാംവർഷം രണ്ടാംമാസം ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്ന് ജെറുശലേമിലേക്കു മടങ്ങിവന്നശേഷം സഹോദരന്മാർ എല്ലാവരും ചേർന്നു പണി ആരംഭിച്ചു; ഇരുപതിനും അതിനു മേലോട്ടും പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്കു മേൽനോട്ടം വഹിക്കാൻ അവർ നിയമിച്ചു. യോശുവയും അദ്ദേഹത്തിന്റെ പുത്രന്മാരും സഹോദരന്മാരും ഹോദവ്യാവിന്റെ പിൻഗാമികളായ കദ്മീയേലും അദ്ദേഹത്തിന്റെ പുത്രന്മാരും ഹെനാദാദിന്റെ മക്കളും അവരുടെ മക്കളും സഹോദരന്മാരും—ഇവരെല്ലാം ലേവ്യരായിരുന്നു—ദൈവാലയം പണിയുന്നവർക്കു മേൽനോട്ടം വഹിക്കാൻ ഒരുമിച്ചുകൂടി. പണിക്കാർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് ഏർപ്പെടുത്തിയിരുന്നപ്രകാരം വിശുദ്ധവസ്ത്രം ധരിച്ച്, കാഹളമേന്തിയ പുരോഹിതന്മാരും ഇലത്താളങ്ങളോടെ ആസാഫിന്റെ പുത്രന്മാരായ ലേവ്യരും യഹോവയെ സ്തുതിക്കാനായി അവർക്കുള്ള സ്ഥാനങ്ങളിൽ നിന്നു. അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചുകൊണ്ട്: “അവിടന്നു നല്ലവൻ; ഇസ്രായേലിനോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന ഗാനം അവർ ആലപിച്ചു. അങ്ങനെ ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുകൊണ്ട് യഹോവയെ സ്തുതിച്ചു, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതിനാണ് അവർ ഇപ്രകാരം ചെയ്തത്. എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും, ആദ്യത്തെ മന്ദിരം കണ്ടിട്ടുള്ള അനേകം വൃദ്ധന്മാർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ ഉറക്കെ കരഞ്ഞു; മറ്റുപലരും സന്തോഷത്താൽ ആർത്തു. അങ്ങനെ ജനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിൽ ആയിരുന്നതിനാൽ സന്തോഷഘോഷത്തിന്റെയും കരച്ചിലിന്റെയും ശബ്ദംതമ്മിൽ വേർതിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല. ഈ ശബ്ദം വളരെദൂരം കേൾക്കാമായിരുന്നു.