പുറപ്പാട് 6:1-8

പുറപ്പാട് 6:1-8 MCV

അപ്പോൾ യഹോവ മോശയോട്, “ഞാൻ ഫറവോനോട് എന്തു ചെയ്യുമെന്നു നീ കാണും. എന്റെ ശക്തിയുള്ള ഭുജംനിമിത്തം അവൻ അവരെ വിട്ടയയ്ക്കും; എന്റെ ബലമുള്ള കരം കണ്ടിട്ട് അവൻ അവരെ ദേശത്തുനിന്ന് ആട്ടിയോടിക്കും” എന്ന് അരുളിച്ചെയ്തു. ദൈവം മോശയോടു വീണ്ടും പറഞ്ഞു: “ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിട്ടില്ല. അവർ പ്രവാസികളായി താമസിച്ചിരുന്ന കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഉടമ്പടിചെയ്തു. ഈജിപ്റ്റുകാർ അടിമകളാക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽമക്കളുടെ നിലവിളി കേൾക്കുകയും ഞാൻ എന്റെ ഉടമ്പടി ഓർക്കുകയും ചെയ്തിരിക്കുന്നു. “ആകയാൽ, ഇസ്രായേല്യരോട് ഇപ്രകാരം പറയുക: ‘ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് വിടുവിക്കും; അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കും; നീട്ടിയ ഭുജത്താലും മഹാശിക്ഷാവിധികളാലും ഞാൻ നിങ്ങളെ ഉദ്ധരിക്കും. ഞാൻ നിങ്ങളെ സ്വന്തജനമായി സ്വീകരിക്കുകയും ഞാൻ നിങ്ങളുടെ ദൈവം ആയിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് നിങ്ങളെ വിടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ഞാൻതന്നെ എന്നു നിങ്ങൾ അപ്പോൾ മനസ്സിലാക്കും. അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്ന് അതു നിങ്ങൾക്ക് അവകാശമായിത്തരും. ഞാൻ യഹോവ ആകുന്നു.’ ”

പുറപ്പാട് 6:1-8 - നുള്ള വീഡിയോ