അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്കുവേണ്ടി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനം ഓരോ ദിവസവും പുറത്തേക്കുചെന്ന് അന്നത്തേക്കുള്ളതു ശേഖരിച്ചുകൊള്ളണം. അവർ എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിക്കേണ്ടതിനുതന്നെ. ആറാംദിവസം അവർ അകത്തുകൊണ്ടുവരുന്നതു പാകംചെയ്യണം; അതു മറ്റു ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ആയിരിക്കും.” അതനുസരിച്ച് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു, “നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടു വന്നതു യഹോവതന്നെ എന്നു സന്ധ്യക്കു നിങ്ങൾ മനസ്സിലാക്കും; രാവിലെ നിങ്ങൾ യഹോവയുടെ മഹത്ത്വം കാണും. കാരണം, തനിക്കു വിരോധമായുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കെതിരേ പിറുപിറുക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്?” മോശ പിന്നെയും പറഞ്ഞു: “നിങ്ങൾക്കു സന്ധ്യക്കു ഭക്ഷിക്കാൻ ഇറച്ചിയും രാവിലെ മതിയാകുംവരെ അപ്പവും യഹോവ തരും. അവിടന്നാണ് അങ്ങനെ ചെയ്യുന്നതെന്ന് അപ്പോൾ നിങ്ങൾ അറിയും; തനിക്കെതിരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. ഞങ്ങൾ എന്തുള്ളൂ? നിങ്ങൾ പിറുപിറുത്തുകൊണ്ടിരിക്കുന്നതു ഞങ്ങളുടെനേരേ അല്ല, യഹോവയുടെ നേരേയാണ്.” പിന്നെ മോശ അഹരോനോടു പറഞ്ഞു, “ ‘യഹോവയുടെ സന്നിധിയിലേക്കു വരിക, അവിടന്നു നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു’ എന്ന് സകല ഇസ്രായേല്യസമൂഹത്തോടും പറയുക.” അഹരോൻ മുഴുവൻ ഇസ്രായേല്യസമൂഹത്തോടും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ മരുഭൂമിയിലേക്കു നോക്കി, അവിടെ യഹോവയുടെ തേജസ്സ് മേഘത്തിൽ പ്രത്യക്ഷപ്പെട്ടു. യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’ ” അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു. മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു. അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു. ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.” തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു. അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.
പുറപ്പാട് 16 വായിക്കുക
കേൾക്കുക പുറപ്പാട് 16
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 16:4-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ