പുറപ്പാട് 1:6-14

പുറപ്പാട് 1:6-14 MCV

വർഷങ്ങൾ കടന്നുപോയി, യോസേഫും സഹോദരന്മാരും ആ തലമുറ മുഴുവനും മരിച്ചു. എന്നാൽ അവരുടെ പിൻഗാമികളായ ഇസ്രായേല്യർ, സന്താനസമൃദ്ധിയുള്ളവരായി അത്യധികം വർധിച്ചു; അവർ പ്രബലപ്പെട്ടു. ദേശം അവരെക്കൊണ്ടു നിറഞ്ഞു. കാലങ്ങൾ കടന്നുപോയി, യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു. അദ്ദേഹം തന്റെ ജനങ്ങളോട്, “ഇതാ, ഇസ്രായേല്യർ നമ്മെക്കാൾ എണ്ണത്തിൽ പെരുകി പ്രബലരായിരിക്കുന്നു. നാം അവരോടു തന്ത്രപൂർവം പെരുമാറണം; അല്ലാത്തപക്ഷം അവർ ഇതിലും പെരുകുകയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ശത്രുക്കളോടു ചേർന്നു നമുക്കെതിരേ യുദ്ധംചെയ്യുകയും രാജ്യം വിട്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു. അതനുസരിച്ച്, ഇസ്രായേല്യരെക്കൊണ്ടു കഠിനമായി പണിയെടുപ്പിക്കാനും അവരെ പീഡിപ്പിക്കാനുമായി ഈജിപ്റ്റുകാർ അവരുടെമേൽ മേൽനോട്ടക്കാരെ നിയമിച്ചു; അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ് എന്നീ സംഭരണനഗരങ്ങൾ ഇസ്രായേല്യരെക്കൊണ്ട് പണിയിപ്പിച്ചു. എന്നാൽ പീഡനം വർധിക്കുന്നതനുസരിച്ച് അവരുടെ എണ്ണം വർധിക്കുകയും അവർ എല്ലായിടത്തും പരക്കുകയും ചെയ്തു. അതുകൊണ്ട് ഈജിപ്റ്റുകാർ ഇസ്രായേല്യരെ ഭയപ്പെട്ടു. ഈജിപ്റ്റുകാർ ക്രൂരമായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു. ഇഷ്ടികയും കളിമണ്ണുംകൊണ്ടുള്ള വേലയും വയലിലെ എല്ലാത്തരം ജോലികളും കഠിനാധ്വാനവുംകൊണ്ട് ഈജിപ്റ്റുകാർ അവരുടെ ജീവിതം കയ്‌പുള്ളതാക്കി. അവരുടെ കഠിനജോലികളിലെല്ലാം ഈജിപ്റ്റുകാർ അവരോടു ക്രൂരമായി പെരുമാറി.

പുറപ്പാട് 1:6-14 - നുള്ള വീഡിയോ