അപ്പോ.പ്രവൃത്തികൾ 21:1-17

അപ്പോ.പ്രവൃത്തികൾ 21:1-17 MCV

അങ്ങനെ അവരോട് യാത്രപറഞ്ഞശേഷം ഞങ്ങൾ കപ്പൽകയറി കോസ്ദ്വീപിലും അടുത്തദിവസം രൊദോസ്ദ്വീപിലും അവിടെനിന്നു പത്തര തുറമുഖത്തിലും എത്തി. അവിടെ ഫൊയ്നീക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് അതിൽ കയറി ഞങ്ങൾ യാത്രതുടർന്നു. യാത്രയ്ക്കിടയിൽ സൈപ്രസ്ദ്വീപ് കാണാൻ കഴിഞ്ഞു. അതിന്റെ തെക്കുവശത്തുകൂടെ സിറിയയിലേക്കുപോയി. സോരിൽ ആ കപ്പലിലെ ചരക്ക് ഇറക്കേണ്ടിയിരുന്നതിനാൽ ഞങ്ങൾ അവിടെ കരയ്ക്കിറങ്ങി. ക്രിസ്തുശിഷ്യരെ കണ്ടെത്തി ഞങ്ങൾ ഏഴുദിവസം അവിടെ താമസിച്ചു. ജെറുശലേമിലേക്കു പോകരുതെന്ന് ആ ശിഷ്യന്മാർ പൗലോസിനോട് ദൈവാത്മപ്രേരണയാൽ നിർബന്ധിച്ചുപറഞ്ഞു. എന്നാൽ, അവിടെനിന്നു പോകേണ്ട സമയമായപ്പോൾ സകലശിഷ്യന്മാരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും ഞങ്ങളോടുകൂടെ നഗരത്തിനു പുറത്തേക്കുവന്നു; കടൽത്തീരത്തു ഞങ്ങൾ മുട്ടുകുത്തി പ്രാർഥിച്ചു; പിന്നെ പരസ്പരം യാത്രപറഞ്ഞുപിരിഞ്ഞു. ഞങ്ങൾ കപ്പൽകയറി യാത്രതുടർന്നു. അവർ അവരുടെ വീടുകളിലേക്കു മടങ്ങുകയും ചെയ്തു. സോരിൽനിന്ന് കപ്പലിൽ യാത്രചെയ്തു ഞങ്ങൾ പ്തൊലെമായിസിൽ എത്തി. അവിടെ കരയ്ക്കിറങ്ങി സഹോദരങ്ങളെ അഭിവാദനംചെയ്ത് അവരോടുകൂടെ ഒരു ദിവസം താമസിച്ചു. പിറ്റേദിവസം ഞങ്ങൾ അവിടംവിട്ട് കൈസര്യയിൽ എത്തി; അവിടെ ഞങ്ങൾ സുവിശേഷകനായ ഫിലിപ്പൊസിന്റെ വീട്ടിൽ താമസിച്ചു. അദ്ദേഹം ഏഴുപേരിൽ ഒരാളായിരുന്നു. അദ്ദേഹത്തിനു പ്രവാചികകളായ നാലു പുത്രിമാരുണ്ടായിരുന്നു; അവർ അവിവാഹിതകളുമായിരുന്നു. ഞങ്ങൾ അവിടെയെത്തി കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദ്യയിൽനിന്ന് അഗബൊസ് എന്നു പേരുള്ള ഒരു പ്രവാചകൻ അവിടെവന്നു. അദ്ദേഹം ഞങ്ങളുടെ അടുക്കൽവന്ന്, പൗലോസിന്റെ അരപ്പട്ട എടുത്ത് സ്വന്തം കൈകളും കാലുകളും കെട്ടിയശേഷം ഇങ്ങനെ പറഞ്ഞു, “ ‘ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ജെറുശലേമിലെ യെഹൂദനേതാക്കന്മാർ ഇതേവിധത്തിൽ ബന്ധിക്കുകയും യെഹൂദേതരരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുമെന്ന്’ പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു.” ഇതു കേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന സഹോദരങ്ങളും ജെറുശലേമിലേക്കു പോകരുതെന്ന് പൗലോസിനോട് അപേക്ഷിച്ചു. അപ്പോൾ പൗലോസ്, “നിങ്ങൾ ഇങ്ങനെ കരഞ്ഞ് എന്റെ ഹൃദയം തകർക്കുന്നതെന്തിന്? ബന്ധിക്കപ്പെടാൻമാത്രമല്ല, കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ജെറുശലേമിൽ മരിക്കാനും ഞാൻ തയ്യാറാണ്” എന്നു മറുപടി പറഞ്ഞു. അദ്ദേഹത്തെ ഒരുവിധത്തിലും പിന്തിരിപ്പിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട്, “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ഞങ്ങൾ പിന്മാറി. എന്നിട്ട് ഞങ്ങൾ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ചെയ്തശേഷം ജെറുശലേമിലേക്കു പോയി. കൈസര്യയിൽനിന്നുള്ള ഏതാനും ശിഷ്യന്മാർ ഒപ്പം വന്ന് മ്നാസോന്റെ ഭവനത്തിൽ ഞങ്ങളെ കൊണ്ടെത്തിച്ചു. അവിടെയായിരുന്നു ഞങ്ങൾക്കുള്ള താമസം ക്രമീകരിച്ചിരുന്നത്. സൈപ്രസുകാരനായ മ്നാസോൻ ആദിമശിഷ്യന്മാരിൽ ഒരാളായിരുന്നു. ജെറുശലേമിൽ എത്തിയ ഞങ്ങളെ സഹോദരങ്ങൾ ആനന്ദത്തോടെ സ്വീകരിച്ചു.