അപ്പോ.പ്രവൃത്തികൾ 15:12-21

അപ്പോ.പ്രവൃത്തികൾ 15:12-21 MCV

ബർന്നബാസും പൗലോസും തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു. അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക. ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ. പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു: “ ‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും; മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന കർത്താവ് അരുളിച്ചെയ്യുന്നു.’ “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം. വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം. മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”