2 ശമുവേൽ 15:12-26

2 ശമുവേൽ 15:12-26 MCV

അബ്ശാലോം യാഗം കഴിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദിന്റെ ഉപദേഷ്ടാവും ഗീലോന്യനുമായ അഹീഥോഫെലിനെ അദ്ദേഹത്തിന്റെ നഗരമായ ഗീലോനിൽ നിന്ന് ആളയച്ചുവരുത്തിയിരുന്നു. ഇങ്ങനെ അബ്ശാലോമിന്റെ സംഘം ദിനംപ്രതി വർധിച്ചുവരികയാൽ ഗൂഢാലോചനയ്ക്കു ബലം കൂടിവന്നു. ഒരു സന്ദേശവാഹകൻ ജെറുശലേമിൽവന്ന് ദാവീദിനോടു പറഞ്ഞു: “ഇസ്രായേൽജനതയുടെ കൂറ് അബ്ശാലോമിനോടുകൂടെ ആയിത്തീർന്നിരിക്കുന്നു.” അപ്പോൾ ദാവീദ് ജെറുശലേമിൽ തന്നോടുകൂടെയുണ്ടായിരുന്ന ഭൃത്യന്മാരോടു പറഞ്ഞു: “വരിക! നമുക്ക് ഓടിപ്പോകാം. അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയില്ല. നമുക്ക് ഉടനെ പോകണം; അല്ലെങ്കിൽ അവൻ വേഗം കടന്നുവന്ന് നമ്മെ ജയിക്കുകയും നശിപ്പിക്കുകയും നഗരം വാളിനിരയാക്കുകയും ചെയ്യും!” രാജഭൃത്യന്മാർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ഇതാ യജമാനനായ രാജാവു തീരുമാനിക്കുന്നതുപോലെ ചെയ്യാൻ അടിയങ്ങൾ ഒരുക്കമാണ്.” അങ്ങനെ ദാവീദ് രാജാവ് തന്റെ സകലഗൃഹത്തോടുംകൂടി പുറപ്പെട്ടു. എന്നാൽ കൊട്ടാരം സൂക്ഷിക്കുന്നതിനായി അദ്ദേഹം പത്ത് വെപ്പാട്ടികളെ അവിടെ ആക്കിയിരുന്നു. അങ്ങനെ രാജാവു യാത്രയായി. സകലജനവും അദ്ദേഹത്തെ പിൻചെന്നു. അൽപ്പദൂരം പിന്നിട്ട് ഒരിടത്ത് അവർ നിന്നു. കെരീത്യരും പ്ളേത്യരും ഗത്തിൽനിന്നും അദ്ദേഹത്തെ അനുഗമിച്ചിരുന്ന അറുനൂറു ഗിത്യരും ഉൾപ്പെടെ ജനമെല്ലാം രാജാവിന്റെ മുമ്പിലൂടെ കടന്നുപോയി. രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു: “നീ ഞങ്ങളോടുകൂടെ വരുന്നതെന്തിന്? മടങ്ങിപ്പോയി രാജാവായ അബ്ശാലോമിനോടുകൂടെ പാർക്കുക. നീ ഒരു വിദേശി; സ്വന്തം ദേശത്തുനിന്നു വന്നുപാർക്കുന്നവൻ. നീ ഇന്നലെ വന്നു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലയുമാറാക്കുമോ? ഞാൻ എവിടേക്കു പോകുന്നു എന്നു നിശ്ചയമില്ല. അതിനാൽ നിന്റെ നാട്ടുകാരെയും ചേർത്ത് മടങ്ങിപ്പൊയ്ക്കൊള്ളൂ. യഹോവ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ!” എന്നാൽ ഇത്ഥായി രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “യഹോവയാണെ, എന്റെ യജമാനനായ രാജാവാണെ, എന്റെ യജമാനനായ രാജാവ് എവിടെ ആയിരിക്കുന്നോ അവിടെത്തന്നെ—മരണമോ ജീവനോ എന്തു വന്നാലും—അടിയനും ആയിരിക്കും.” “ശരി, മുമ്പോട്ടു പൊയ്ക്കൊള്ളൂ,” എന്നു ദാവീദ് ഇത്ഥായിയോടു കൽപ്പിച്ചു. അങ്ങനെ ഗിത്യനായ ഇത്ഥായിയും തന്റെ സകല അനുയായികളോടും അവരുടെ കുടുംബങ്ങളോടുംകൂടെ കടന്നുപോയി. ജനമെല്ലാം കടന്നുപോകുമ്പോൾ ഗ്രാമവാസികൾ ഉച്ചത്തിൽ കരഞ്ഞു. രാജാവും കിദ്രോൻതോടു കടന്നു. ആ ജനമെല്ലാം മരുഭൂമിയിലേക്കു യാത്രതിരിച്ചു. സാദോക്കും അദ്ദേഹത്തോടുകൂടെയുള്ള ലേവ്യരും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ചുമന്നുകൊണ്ടുവന്നു. അവർ ദൈവത്തിന്റെ പേടകം ഇറക്കിവെച്ചു; ജനമെല്ലാം നഗരം കടന്നുതീരുന്നതുവരെ അബ്യാഥാർ യാഗങ്ങൾ അർപ്പിച്ചു. അപ്പോൾ രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പേടകം നഗരത്തിലേക്കു മടക്കിക്കൊണ്ടുപോകുക. യഹോവയുടെ ദൃഷ്ടിയിൽ എനിക്കു പ്രീതി ലഭിക്കുമെങ്കിൽ അവിടന്ന് എന്നെ തിരികെ വരുത്തുകയും പേടകത്തെയും തിരുനിവാസത്തെയും വീണ്ടും കാണാൻ എനിക്ക് ഇടയാകുകയും ചെയ്യും. എന്നാൽ ‘എനിക്കു നിന്നിൽ പ്രസാദമില്ല,’ എന്നാണ് അവിടന്ന് കൽപ്പിക്കുന്നതെങ്കിൽ, ഇതാ ഞാൻ ഒരുക്കം; അവിടത്തെ ഹിതംപോലെ എന്നോടു ചെയ്യട്ടെ!”