2 പത്രോസ് 1:3-10

2 പത്രോസ് 1:3-10 MCV

അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്. ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും. ഈ കാരണത്താൽ, നിങ്ങൾ വിശ്വാസത്തോടു ധാർമികതയും ധാർമികതയോടു വിവേകവും വിവേകത്തോട് ആത്മസംയമവും ആത്മസംയമത്തോടു സഹിഷ്ണുതയും സഹിഷ്ണുതയോടു ഭക്തിയും ഭക്തിയോടു സാഹോദര്യവും സാഹോദര്യത്തോടു സ്നേഹവും കൂട്ടിച്ചേർക്കാൻ, ഉത്സാഹത്തോടെ സകലപ്രയത്നവും ചെയ്യുക. ഈ സദ്ഗുണങ്ങൾ നിങ്ങളിൽ വർധമാനമായിരുന്നാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനരഹിതരും നിഷ്ഫലരും ആകാതെ ഇവ നിങ്ങളെ സംരക്ഷിക്കും. ഇവയില്ലാത്തവർ അന്ധരും തങ്ങൾ മുമ്പ് ചെയ്തുകൂട്ടിയ പാപങ്ങളിൽനിന്ന് ശുദ്ധീകരണം ലഭിച്ചു എന്ന വസ്തുത മറന്നിരിക്കുന്ന ഹ്രസ്വദൃഷ്ടികളുമാണ്. ആകയാൽ സഹോദരങ്ങളേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും സുസ്ഥിരമാക്കാൻ അത്യധികം ഉത്സാഹിക്കുക. ഇങ്ങനെ പ്രവർത്തിച്ചാൽ നിങ്ങൾ ഒരിക്കലും പാപത്തിൽ വഴുതിവീഴുകയില്ല.