1 ശമുവേൽ 1:21-28

1 ശമുവേൽ 1:21-28 MCV

അടുത്തവർഷം എൽക്കാനാ കുടുംബസമേതം യഹോവയ്ക്കു വർഷംതോറുമുള്ള യാഗം അർപ്പിക്കുന്നതിനും തന്റെ നേർച്ചകൾ നിറവേറ്റുന്നതിനുമായി പോയി. എന്നാൽ ഹന്നാ അവരുടെകൂടെ പോയില്ല. അവൾ ഭർത്താവിനോട്, “കുഞ്ഞിന്റെ മുലകുടി മാറട്ടെ. അപ്പോൾ ഞാനവനെ യഹോവയുടെ തിരുമുമ്പിൽ കൊണ്ടുചെന്ന് സമർപ്പിക്കും; അവൻ സ്ഥിരമായി അവിടെത്തന്നെ താമസിക്കും.” അവളുടെ ഭർത്താവായ എൽക്കാനാ അവളോട്: “നിനക്ക് യുക്തമെന്നു തോന്നുന്നതു ചെയ്യുക; കുഞ്ഞിന്റെ മുലകുടിമാറുംവരെ ഇവിടെ പാർക്കുക. യഹോവ തന്റെ വചനം നിറവേറ്റട്ടെ!” എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച്, കുഞ്ഞിന്റെ മുലകുടിമാറുംവരെ അവനെ മുലയൂട്ടിവളർത്തി. പൈതലിന്റെ മുലകുടി മാറിയപ്പോൾ ഹന്നാ മൂന്നുവയസ്സുള്ള ഒരു കാളക്കിടാവ്, ഒരു ഏഫാ ധാന്യമാവ്, ഒരു തുരുത്തി വീഞ്ഞ് ഇവയെടുത്ത്, കുഞ്ഞിനെയുംകൂട്ടി ശീലോവിൽ യഹോവയുടെ ആലയത്തിൽ ചെന്നു. പൈതൽ നന്നേ ചെറുപ്പമായിരുന്നു. അവർ കാളക്കിടാവിനെ യാഗമർപ്പിച്ചു; അതിനുശേഷം ബാലനെ ഏലിയുടെമുമ്പിൽ കൊണ്ടുവന്നു. അവൾ അദ്ദേഹത്തോടു പറഞ്ഞു: “പ്രഭോ, ക്ഷമിക്കണമേ, യജമാനനാണെ, അങ്ങയുടെ സമീപത്തുനിന്ന് യഹോവയോടു പ്രാർഥിച്ച സ്ത്രീയാണു ഞാൻ. ഞാൻ ഈ ബാലനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; ഞാൻ പ്രാർഥിച്ചത് യഹോവ എനിക്കു നൽകിയിരിക്കുന്നു. അതിനാൽ ഇവനെ ഞാനിപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. അവന്റെ ജീവിതകാലംമുഴുവൻ അവൻ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവനായിരിക്കും.” അവർ അവിടെ യഹോവയെ ആരാധിച്ചു.