സങ്കീർത്തനങ്ങൾ 68:4-14

സങ്കീർത്തനങ്ങൾ 68:4-14 വേദപുസ്തകം

ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും. ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽകൂടി നടകൊണ്ടപ്പോൾ - സേലാ - ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു. നിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അതു എളിയവർക്കുവേണ്ടി ഒരുക്കിവെച്ചു. കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു. സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.