മർക്കൊസ് 11:1-18

മർക്കൊസ് 11:1-18 വേദപുസ്തകം

അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു; അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.