യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു: നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും. അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു. നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു. അതിന്നു ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. ശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു. യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു. അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു. അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു. മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു. യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു. കർത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു. യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
മത്തായി 20 വായിക്കുക
കേൾക്കുക മത്തായി 20
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 20:17-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ