മത്തായി 12:1-23

മത്തായി 12:1-23 വേദപുസ്തകം

ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു. അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു. അവൻ അവരോടു: നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു. പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി. പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു. യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു. “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതിവന്നു. അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു.