ലൂക്കൊസ് 22:1-20

ലൂക്കൊസ് 22:1-20 വേദപുസ്തകം

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു. എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു: അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു. അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു. പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു:നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു: നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു. അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു. അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടു കൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു:ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.