യിരെമ്യാവു 32:37-44

യിരെമ്യാവു 32:37-44 വേദപുസ്തകം

എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും. അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും ഗുണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാൻ അവർക്കു ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും. ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. ഞാൻ അവരിൽ സന്തോഷിച്ചു അവർക്കു ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അവരെ ഈ ദേശത്തു നടും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്നു ഈ വലിയ അനർത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവർക്കു വരുത്തും. മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ ദേശത്തു അവർ നിലങ്ങളെ വിലെക്കു മേടിക്കും. ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീൻദേശത്തും യെരൂശലേമിന്നു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്‌വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ആളുകൾ നിലങ്ങളെ വിലെക്കു മേടിച്ചു ആധാരങ്ങൾ എഴുതി മുദ്രയിട്ടു സാക്ഷികളെയും വെക്കും എന്നു യഹോവയുടെ അരുളപ്പാടു.