പുറപ്പാടു 8

8
1യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 2നീ അവരെ വിട്ടയപ്പാൻ സമ്മതിക്കയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും. 3നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും. 4തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും. 5യഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു. 6അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിൻമേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി. 7മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി. 8എന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാർത്ഥിപ്പിൻ. എന്നാൽ യഹോവെക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു. 9മോശെ ഫറവോനോടു: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന്നു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു. 10നാളെ എന്നു അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; 11തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയിൽ മാത്രം ഇരിക്കും എന്നു അവൻ പറഞ്ഞു. 12അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്നു ഇറങ്ങി ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോടു പ്രാർത്ഥിച്ചു. 13മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. 14അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. 15എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
16അപ്പോൾ യഹോവ മോശെയോടു: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേൻ ആയ്തീരും എന്നു കല്പിച്ചു. 17അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പേൻ ആയ്തീർന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയ്തീർന്നു. 18മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോടു: 19#ലൂക്കൊസ് 11:20ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
20പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നിൽക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 21നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. 22ഭൂമിയിൽ ഞാൻ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. 23എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വെക്കും; നാളെ ഈ അടയാളം ഉണ്ടാകും. 24യഹോവ അങ്ങനെ തന്നേ ചെയ്തു: അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു. 25അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിൻ എന്നു പറഞ്ഞു. 26അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗംകഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ? 27ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു. 28അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവെക്കു മരുഭൂമിയിൽവെച്ചു യാഗംകഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. 29അതിന്നു മോശെ: ഞാൻ നിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവെക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു. 30അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിച്ചു. 31യഹോവ മോശെയുടെ പ്രാർത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി. 32എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

പുറപ്പാടു 8: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

പുറപ്പാടു 8 - നുള്ള വീഡിയോ