അപ്പൊ. പ്രവൃത്തികൾ 21:1-17

അപ്പൊ. പ്രവൃത്തികൾ 21:1-17 വേദപുസ്തകം

അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി. ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി. കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാർത്തു; അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി. ഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാർത്തു. പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു. അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു. ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു. അതിന്നു പൗലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. യെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.