2. കൊരിന്ത്യർ 10:1-11

2. കൊരിന്ത്യർ 10:1-11 വേദപുസ്തകം

നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവൻ എന്നുമുള്ള പൗലൊസായ ഞാൻ ക്രിസ്തുവിന്റെ സൗമ്യതയും ശാന്തതയും ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു. ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു. ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‌വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു. താൻ ക്രിസ്തുവിന്നുള്ളവൻ എന്നു ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിന്നുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും നിരൂപിക്കട്ടെ. നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു. അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ. അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ.