ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് കോപ്പിട്ട് മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി. അവൻ പോകുന്നതുകൊണ്ട് ദൈവത്തിന്‍റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവനു എതിരാളിയായി നിന്നു; അവൻ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യുകയായിരുന്നു; അവന്‍റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു. യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ട് വഴിയിൽ നില്ക്കുന്നത് കഴുത കണ്ടു വഴിയിൽനിന്ന് മാറി വയലിലേക്ക് പോയി; കഴുതയെ വഴിയിലേക്ക് തിരിക്കുന്നതിന് ബിലെയാം അതിനെ അടിച്ചു. പിന്നെ യഹോവയുടെ ദൂതൻ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽനിന്നു. കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികിൽ ഒതുങ്ങി ബിലെയാമിന്‍റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു. പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു. യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്‍റെ കീഴിൽ കിടന്നു; ബിലെയാമിന്‍റെ കോപം ജ്വലിച്ചു; അവൻ കഴുതയെ വടികൊണ്ട് അടിച്ചു. അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു?” എന്നു ചോദിച്ചു. ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്‍റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്നു പറഞ്ഞു. കഴുത ബിലെയാമിനോട്: “ഞാൻ നിന്‍റെ കഴുതയല്ലയോ? ഇത്രയും കാലം എന്‍റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോട് പെരുമാറിയിട്ടുണ്ടോ?” എന്നു ചോദിച്ചു; “ഇല്ല” എന്നു അവൻ പറഞ്ഞു. അപ്പോൾ യഹോവ ബിലെയാമിന്‍റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ടു സാഷ്ടാംഗം വീണ് നമസ്കരിച്ചു.
സംഖ്യ. 22 വായിക്കുക
കേൾക്കുക സംഖ്യ. 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സംഖ്യ. 22:21-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ