അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്: “നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. “ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ടു; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവനു വിശന്നു; അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല. അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. അതു ശിഷ്യന്മാർ കേട്ടു. അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു. അത് കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രികളും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി. രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ടു. അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
മർക്കൊ. 11 വായിക്കുക
കേൾക്കുക മർക്കൊ. 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊ. 11:1-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ