മത്താ. 14:1-14

മത്താ. 14:1-14 IRVMAL

ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്‍റെ ശ്രുതി കേട്ടിട്ടു: “ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത്“ എന്നു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു. ഹെരോദാവ് തന്‍റെ സഹോദരനായ ഫിലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു. അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. എന്നാൽ ഹെരോദാവിൻ്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു. അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: “യോഹന്നാൻ സ്നാപകന്‍റെ തല ഒരു താലത്തിൽ ഇവിടെ തരേണം“ എന്നു പറഞ്ഞു. ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു; അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു. അവന്‍റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു. അവന്‍റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്നു യേശുവിനെ അറിയിച്ചു. അത് കേട്ടിട്ടു യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടുപോയി; പുരുഷാരം അത് കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്‍റെ പിന്നാലെ ചെന്നു. അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.