യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു. ഇതു കേട്ടവർ: ”എന്നാൽ രക്ഷപെടുവാൻ ആർക്ക് കഴിയും?” എന്നു പറഞ്ഞു. അതിന് അവൻ: മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു. ”ഇതാ, ഞങ്ങൾ സ്വന്തമായത് വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പത്രൊസ് പറഞ്ഞു. യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളയുന്നവർക്ക് ഈ കാലത്തിൽ തന്നെ പല മടങ്ങായും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അനന്തരം അവൻ തന്‍റെ പന്ത്രണ്ടു ശിഷ്യരെയും കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും. അവനെ ജനതകൾക്ക് ഏല്പിച്ചുകൊടുക്കുകയും അവർ അവനെ പരിഹസിച്ചു അപമാനിച്ചു തുപ്പി തല്ലീട്ട് കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു. അവർക്ക് ഇതു ഒന്നും മനസ്സിലായില്ല; ഈ പറഞ്ഞത് അവർക്ക് വ്യക്തമാകാതിരിക്കാനായി ദൈവം അവർക്ക് അത് മറച്ച് വെച്ചിരുന്നു. അവൻ യെരീഹോവിന് അടുത്തപ്പോൾ വഴിയരികെ ഒരു കുരുടൻ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നിരുന്നു. പുരുഷാരം കടന്നുപോകുന്ന ശബ്ദം കേട്ടു: ഇതെന്താണ് എന്നു അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോട് അറിയിച്ചു. അപ്പോൾ അവൻ: ”യേശുവേ, ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു. ആൾക്കൂട്ടത്തിൻ്റെ മുന്നിൽ നടക്കുന്നവർ അവനെ മിണ്ടാതിരിക്കുവാൻ ശാസിച്ചു; അവനോ: ”ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു. യേശു അവിടെനിന്നു, അവനെ തന്‍റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്ത് ചെയ്യേണം? എന്നു ചോദിച്ചു. ”കർത്താവേ, എനിക്ക് കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു. യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു. പെട്ടെന്ന് തന്നെ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം ഇതു കണ്ടിട്ട് ദൈവത്തിന് പുകഴ്ച കൊടുത്തു.
ലൂക്കൊ. 18 വായിക്കുക
കേൾക്കുക ലൂക്കൊ. 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊ. 18:24-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ