ലൂക്കൊ. 12:32-59

ലൂക്കൊ. 12:32-59 IRVMAL

ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. നിങ്ങൾക്കുള്ളത് വിറ്റ് ഭിക്ഷ കൊടുക്കുവിൻ; കള്ളൻ എടുക്കുകയോ, പുഴു തിന്നു നശിപ്പിക്കുകയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ, പഴയതായി പോകാത്ത പണസഞ്ചികളും, തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും. നിങ്ങൾ അരകെട്ടി എപ്പോഴും ഒരുങ്ങിയിരിപ്പിൻ. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കട്ടെ യജമാനൻ കല്യാണത്തിന് പോയിട്ട് തിരിച്ച് വന്നാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോട് നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അരകെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്നു അവർക്ക് ശുശ്രൂഷിക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാം യാമത്തിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഏത് സമയത്ത് വരുന്നു എന്നു വീടിന്‍റെ ഉടമസ്ഥൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്‍റെ വീട് പൊളിയ്ക്കുവാൻ സമ്മതിക്കുകയില്ല എന്നറിയുവിൻ. അങ്ങനെ അറിയാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. ”കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ അതോ എല്ലാവരോടും കൂടെയോ?” എന്നു പത്രൊസ് ചോദിച്ചു. അതിന് കർത്താവ് പറഞ്ഞത്: കൃത്യ സമയത്ത് ആഹാരം കൊടുക്കണ്ടതിന് യജമാനൻ തന്‍റെ വേലക്കാരുടെ മേൽ വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകനെ ആക്കി യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. യജമാനൻ തനിക്കുള്ള സകലവും നോക്കി നടത്താൻ അവനെ വിചാരകനാക്കിവെക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നുകുടിച്ച് അഹങ്കരിക്കുവാനും തുടങ്ങിയാൽ, അവൻ പ്രതീക്ഷിക്കാത്ത നാളിലും അറിയാത്ത സമയത്തും ആ ദാസന്‍റെ യജമാനൻ വന്നു അവനെ മുറിവേൽപ്പിക്കുകയും അവനു അവിശ്വാസികളോടുകൂടെ പങ്ക് കല്പിക്കുകയും ചെയ്യും. യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടികൊള്ളും. എന്നാൽ ഇതൊന്നും അറിയാതെ അടിക്ക് യോഗ്യമായതു ചെയ്തവനോ കുറച്ച് അടികൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും. ഭൂമിയിൽ തീ ഇടുവാൻ ഞാൻ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളാമായിരുന്നു എന്നല്ലാതെ ഞാൻ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്? എങ്കിലും എനിക്ക് ഒരു സ്നാനം ഏൽക്കുവാൻ ഉണ്ട്; അത് കഴിയുന്നത് വരെ ഞാൻ എത്ര ഞെരുങ്ങുന്നു. ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഭിന്നത വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇനി മേൽ ഒരു വീട്ടിൽ ഇരുവരോട് മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഭിന്നിച്ചിരിക്കും. അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഭിന്നിച്ചിരിക്കും. പിന്നെ അവൻ പുരുഷാരത്തോട് പറഞ്ഞത്: പടിഞ്ഞാറുനിന്ന് മേഘം പൊങ്ങുന്നത് കാണുമ്പോൾ വലിയമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കൻ കാറ്റ് ഊതുന്നത് കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അത് സംഭവിക്കുകയും ചെയ്യുന്നു. കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിൻ്റെയും ഭാവത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും; എന്നാൽ ഈ കാലത്തെ തിരിച്ചറിയാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്? ന്യായമായത് എന്തെന്ന് നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്? എതിരാളിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോട് നിരന്നുകൊള്ളുവാൻ ശ്രമിക്കുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്‍റെ മുമ്പിൽ ഇഴച്ചുകൊണ്ട് പോകയും ന്യായാധിപൻ നിന്നെ ഉദ്യോഗസ്ഥൻ്റെ പക്കൽ ഏല്പിക്കും. ഉദ്യോഗസ്ഥൻ നിന്നെ തടവിലും ആക്കും. അവസാനത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോട് പറയുന്നു.