ഇയ്യോ. 13:1-12

ഇയ്യോ. 13:1-12 IRVMAL

“എന്‍റെ കണ്ണ് ഇതെല്ലാം കണ്ടു; എന്‍റെ ചെവി അത് കേട്ടു ഗ്രഹിച്ചിരിക്കുന്നു. നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു; ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല. സർവ്വശക്തനായ ദൈവത്തോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു; ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ; നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ. നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ; എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ. നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ? നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ? അവിടുത്തെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ? അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ? മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ? ഗൂഢമായി പക്ഷപാതം കാണിച്ചാൽ അവിടുന്ന് നിങ്ങളെ ശാസിക്കും നിശ്ചയം. ദൈവത്തിന്‍റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? ദൈവത്തിന്‍റെ ഭീതി നിങ്ങളുടെമേൽ വീഴുകയില്ലയോ? നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്; നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നെ.