ഇയ്യോ. 12:13-25

ഇയ്യോ. 12:13-25 IRVMAL

“ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ, ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്. യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; അവിടുന്ന് മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല. അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു; അവിടുന്ന് വിട്ടയച്ചാൽ അത് ഭൂമിയെ മറിച്ചുകളയുന്നു. ദൈവത്തിന്‍റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്; വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ. യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു. രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു; അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു. യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു. യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു. യഹോവ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു. യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു. യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു. യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴന്നു നടക്കുമാറാക്കുന്നു; അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; യഹോവ മദ്യപന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.