യോഹ. 5:25-47

യോഹ. 5:25-47 IRVMAL

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രൻ്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു. അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവനു അധികാരവും നല്കിയിരിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു, നന്മ ചെയ്തിട്ടുള്ളവർ ജീവന്‍റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തുവരും. എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്‍റെ വിധി നീതിയുള്ളത് ആകുന്നു. ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാൽ എന്‍റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോഹന്നാന്‍റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു. ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്. യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്‍റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു. എനിക്കോ അവന്‍റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിക്കുവാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നെ, പിതാവ് എന്നെ അയച്ചു എന്നു എന്നെക്കുറിച്ച് സാക്ഷീകരിക്കുന്നു. എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടുമില്ല, അവന്‍റെ രൂപം കണ്ടിട്ടുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവന്‍റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നില്ല. നിങ്ങൾ തിരുവെഴുത്തുകളെ പരിശോധിക്കുന്നു; അവയിൽ നിങ്ങൾക്ക് നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; എന്നാൽ അതേ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്‍റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല. ഞാൻ മനുഷ്യരിൽനിന്ന് ബഹുമാനം സ്വീകരിക്കുന്നില്ല. എന്നാൽ നിങ്ങളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ഞാൻ എന്‍റെ പിതാവിന്‍റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. തമ്മിൽതമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിൻ്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും? ഞാൻ പിതാവിന്‍റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾ വിചാരിക്കരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നെ. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. അവന്‍റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്‍റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?