ന്യായവിധിയ്ക്ക് കാരണമോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെയാകുന്നു. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ വെറുക്കുന്നു; തന്‍റെ പ്രവൃത്തി വെളിപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്‍റെ പ്രവൃത്തി ദൈവത്തോടുള്ള അനുസരണത്തിൽ ചെയ്തിരിക്കയാൽ അത് വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നു. അതിന്‍റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്ത് വന്നു അവരോടുകൂടെ താമസിക്കുകയും സ്നാനം കഴിപ്പിക്കുകയും ചെയ്തു. യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ അവന്‍റെ അടുക്കൽ വന്നു സ്നാനം ഏറ്റു. അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല. യോഹന്നാന്‍റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് തർക്കമുണ്ടായി; അവർ യോഹന്നാന്‍റെ അടുക്കൽവന്ന് അവനോട്: “റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചിട്ടുള്ളവൻ തന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്‍റെ അടുക്കൽ ചെല്ലുന്നു“ എന്നു പറഞ്ഞു. അതിന് യോഹന്നാൻ: “സ്വർഗ്ഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴിയുകയില്ല. ഞാൻ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾ തന്നെ എനിക്ക് സാക്ഷികൾ ആകുന്നു. മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളൻ്റെ സ്നേഹിതനോ നിന്നു മണവാളൻ്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്‍റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം“ എന്നു ഉത്തരം പറഞ്ഞു. “ഉയരത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനാകുന്നു. ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണുകയും കേൾക്കുകയും ചെയ്തതു സാക്ഷീകരിക്കുന്നു; എങ്കിലും അവന്‍റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്‍റെ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന് മുദ്രയിടുന്നു. ദൈവം അയച്ചവൻ ദൈവത്തിന്‍റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നു.“
യോഹ. 3 വായിക്കുക
കേൾക്കുക യോഹ. 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹ. 3:19-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ