യോഹ. 11:14-27

യോഹ. 11:14-27 IRVMAL

അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്‍റെ അടുക്കൽ പോക എന്നു പറഞ്ഞു. ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: “അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക“ എന്നു പറഞ്ഞു. യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞു. ബേഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ചു നാഴിക ദൂരത്തായിരുന്നു. അനേകം യെഹൂദന്മാർ മാർത്തയെയും മറിയയെയും അവരുടെ സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിന് അവരുടെ അടുക്കൽ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്നു അവനെ കണ്ടു; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോടു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്‍റെ സഹോദരൻ മരിക്കയില്ലായിരുന്നു. ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു“ എന്നു പറഞ്ഞു. യേശു അവളോട്: നിന്‍റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോട്: “ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു“ എന്നു പറഞ്ഞു. യേശു അവളോട്: ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോട്: “ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നെ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു“ എന്നു പറഞ്ഞിട്ട് പോയി