അനന്തരം ശിംശോൻ ഫെലിസ്ത്യ പട്ടണമായ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു. “ശിംശോൻ ഇവിടെ വന്നിരിക്കുന്നു” എന്നു ഗസ്യർക്ക് അറിവ് കിട്ടിയപ്പോൾ, അവർ വന്ന് ആ സ്ഥലം വളഞ്ഞ് അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതില്‍ക്കൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം” എന്നു പറഞ്ഞ് രാത്രിമുഴുവനും അനങ്ങാതിരുന്നു. ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി. പിന്നീട് എഴുന്നേറ്റ് പട്ടണവാതിലിന്‍റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്ത് ചുമലിൽ വച്ചു ഹെബ്രോനെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി. അതിന്‍റെശേഷം അവൻ സോരേക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. ഫെലിസ്ത്യ പ്രഭുക്കന്മാർ അവളുടെ അടുക്കൽവന്ന് അവളോട്: “നീ അവനെ വശീകരിച്ച് അവന്‍റെ മഹാശക്തി ഏതിൽ എന്നും അവനെ എങ്ങനെ കീഴ്പെടുത്താൻ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറ് വെള്ളിപ്പണം വീതം നിനക്ക് തരാം” എന്നു പറഞ്ഞു. അങ്ങനെ ദെലീലാ ശിംശോനോട്: “നിന്‍റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് കീഴ്പെടുത്താം? എനിക്ക് പറഞ്ഞുതരേണം” എന്നു പറഞ്ഞു. ശിംശോൻ അവളോട്: “ഉണങ്ങാത്ത, പച്ചയായ ഏഴു ഞാൺ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്‍റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും” എന്നു പറഞ്ഞു. ഫെലിസ്ത്യ പ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാൺ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു. അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്‍റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല. പിന്നെ ദെലീലാ ശിംശോനോട്: “നീ എന്നെ ചതിച്ച് എന്നോട് കള്ളം പറഞ്ഞിരിക്കുന്നു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോൾ പറഞ്ഞുതരേണം” എന്നു പറഞ്ഞു. അവൻ അവളോട്: “ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയർ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്‍റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും” എന്നു പറഞ്ഞു. ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്ന് അവനോട് പറഞ്ഞു. പതിയിരിപ്പുകാർ മുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്‍റെ കൈമേൽനിന്ന് അത് പൊട്ടിച്ചുകളഞ്ഞു. ദെലീലാ ശിംശോനോട്: “ഇതുവരെ നീ എന്നെ ചതിച്ചു എന്നോട് കള്ളം പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് പറഞ്ഞുതരേണം” എന്നു പറഞ്ഞു. അവൻ അവളോട്: “എന്‍റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്ത് നെയ്താൽ സാധിക്കും” എന്നു പറഞ്ഞു. അവൾ അത് നൂല്പാവിന്‍റെ കുറ്റിയോട് ദൃഢമായി ബന്ധിച്ച്, അവനോട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്നു പറഞ്ഞു; അവൻ ഉറക്കമുണർന്ന് നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
ന്യായാ. 16 വായിക്കുക
കേൾക്കുക ന്യായാ. 16
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാ. 16:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ