എബ്രാ. 6:13-20

എബ്രാ. 6:13-20 IRVMAL

ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്‌വാൻ ഇല്ലാതിരുന്നിട്ട് തന്‍റെ നാമത്തിൽ തന്നെ സത്യംചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു. അങ്ങനെ അബ്രാഹാം ക്ഷമയോടെ ദീർഘകാലം കാത്തിരുന്ന് വാഗ്ദത്ത വിഷയം നേടുകയും ചെയ്തു. തങ്ങളേക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്; അങ്ങനെ ഇടുന്ന ആണ അവർക്ക് ഉറപ്പും തർക്കമില്ലാത്തതുമാകുന്നു. അതുകൊണ്ട് ദൈവം വാഗ്ദത്തത്തിൻ്റെ അവകാശികൾക്ക് തന്‍റെ ഉദ്ദേശ്യം മാറാത്തത് എന്നു അധികം സ്പഷ്ടമായി കാണിക്കുവാൻ തീരുമാനിച്ചിട്ട് ഒരു ആണയാലും ഉറപ്പുകൊടുത്തു. ദൈവം ഉറപ്പുകൊടുത്ത രണ്ടു കാര്യങ്ങളായ “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്ന വാഗ്ദത്തത്തിൽ ഉറച്ചുനിൽക്കുകയും ദൈവത്തിൽ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്‍റെ വാക്ക് വ്യാജമല്ല എന്നു തെളിയിക്കപ്പെട്ടതും ശക്തിയുള്ളതുമായ ഈ പ്രബോധനം പ്രാപിക്കുവാൻ ഇടവരുന്നു. ആ പ്രത്യാശ നമുക്കു ആത്മാവിന്‍റെ ഒരു നങ്കൂരം തന്നെ; അത് നിശ്ചിതവും സുസ്ഥിരവും തിരശ്ശീലക്കപ്പുറത്തുള്ള അതിവിശുദ്ധ സ്ഥലത്തേയ്ക്ക് കടക്കുന്നതുമാകുന്നു. അവിടേക്ക് യേശു മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.