എസ്രാ 3:8-13

എസ്രാ 3:8-13 IRVMAL

അവർ യെരൂശലേമിലെ ദൈവാലയത്തിൽ എത്തിയതിന്‍റെ രണ്ടാം വർഷം രണ്ടാം മാസം ശെയല്ത്തീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും, അവരുടെ ശേഷം സഹോദരന്മാരും, പുരോഹിതന്മാരും, ലേവ്യരും, പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് വന്നവർ എല്ലാവരുംകൂടി പണി തുടങ്ങി. ഇരുപതു വയസ്സ് മുതൽ മേലോട്ട് പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്‍റെ പണിക്ക് മേൽനോട്ടത്തിന് നിയമിച്ചു. അങ്ങനെ യേശുവയും, അവന്‍റെ പുത്രന്മാരും, സഹോദരന്മാരും, കദ്മീയേലും, അവന്‍റെ പുത്രന്മാരും, യൂദായുടെ പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും, അവരുടെ പുത്രന്മാരും, ലേവ്യരായ സഹോദരന്മാരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽനോട്ടം വഹിക്കുവാൻ ഒരുമനപ്പെട്ടു നിന്നു. പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ, യിസ്രായേൽ രാജാവായ ദാവീദിന്‍റെ ചട്ടപ്രകാരം, യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും, ആസാഫ്യരായ ലേവ്യരെ, കൈത്താളങ്ങളോട് കൂടെയും നിർത്തി. “അവിടുന്ന് നല്ലവൻ; യിസ്രായേലിനോട് അവിടുത്തെ ദയ എന്നേക്കും ഉള്ളത്” എന്നിങ്ങനെ ഗാനപ്രതിഗാനം ചെയ്തുകൊണ്ട് അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചു. അവർ അങ്ങനെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്‍റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തു ഘോഷിച്ചു. എന്നാൽ, പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്‍റെ അടിസ്ഥാനം ഇട്ടത് നേരിട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി. മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. അങ്ങനെ അവർ അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട്, ജനത്തിന് സന്തോഷത്തിന്‍റെയും കരച്ചലിന്‍റെയും ശബ്ദം തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു. ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷസ്വരം ബഹുദൂരം കേട്ടു.