പുറ. 16:4-18

പുറ. 16:4-18 IRVMAL

അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്‍റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് പെറുക്കിക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിൻ്റെ ഇരട്ടി കാണും” എന്നു അരുളിച്ചെയ്തു. മോശെയും അഹരോനും യിസ്രായേൽ മക്കളോട്: “നിങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്നു ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും. പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സ് കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടുന്ന് കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്?” എന്നു പറഞ്ഞു. മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ” എന്നു പറഞ്ഞു. അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; യഹോവ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും പറയുക” എന്നു പറഞ്ഞു. അഹരോൻ യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു. യഹോവ മോശെയോട്: “യിസ്രായേൽ മക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു. നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറയുക” എന്നു കല്പിച്ചു. വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്‍റെ ചുറ്റും മഞ്ഞ് വീണുകിടന്നു. വീണുകിടന്ന മഞ്ഞ് മാറിയശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽപോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു. യിസ്രായേൽ മക്കൾ അത് കണ്ടപ്പോൾ എന്താണ് എന്നു അറിയാഞ്ഞതുകൊണ്ട് “ഇതെന്ത്” എന്നു തമ്മിൽതമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിക്കുവാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിക്കൊള്ളേണം; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി. ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.

പുറ. 16:4-18 - നുള്ള വീഡിയോ