ആവർ. 11:13-21

ആവർ. 11:13-21 IRVMAL

“നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവനെ സേവിക്കുകയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്‍റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും. ഞാൻ നിന്‍റെ നിലത്ത് നിന്‍റെ കന്നുകാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും. നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്ക് തരുന്ന നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോവുകയും ചെയ്യും. ആകയാൽ നിങ്ങൾ എന്‍റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്ക് മദ്ധ്യത്തിൽ നെറ്റിപ്പട്ടമായി ധരിക്കുകയും വേണം. വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം. യഹോവ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന് അവ നിന്‍റെ വീടിന്‍റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.