പ്രവൃത്തികൾ 21:1-17

പ്രവൃത്തികൾ 21:1-17 IRVMAL

അവരെ വിട്ടുപിരിഞ്ഞ് നീക്കിയശേഷം ഞങ്ങൾ നേരെ സഞ്ചരിച്ച് കോസ് ദ്വീപിലും പിറ്റെന്നാൾ രൊദൊസ് ദ്വീപിലും അവിടംവിട്ട് പത്തരയിലും എത്തി. ഫൊയ്നിക്ക്യയിലേക്ക് പോകുന്ന ഒരു കപ്പൽ കണ്ടിട്ട് ഞങ്ങൾ അതിൽ കയറി ഓടി. ഇടതുഭാഗത്ത് കുപ്രോസ് ദ്വീപ് കണ്ടു, അവിടംവിട്ട് സിറിയയിലേക്ക് ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാർത്തു; അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുത് എന്നു ആത്മാവിനാൽ പറഞ്ഞു. അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ വിട്ടു പോകുമ്പോൾ അവർ എല്ലാവരും തങ്ങളുടെ ഭാര്യമാരും കുട്ടികളുമായി പട്ടണത്തിന് പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു, തമ്മിൽ യാത്ര പറഞ്ഞിട്ട് ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്ക് മടങ്ങിപ്പോയി. ഞങ്ങൾ സോരിൽനിന്ന് യാത്രതിരിച്ച് പ്തൊലെമായിസിൽ എത്തി, അവിടെ സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാർത്തു. പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, യെരൂശലേമിൽ വച്ചു തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകൻ്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു. അവനു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ ചില ദിവസങ്ങൾ താമസിച്ചുകൊണ്ടിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽവന്ന് പൗലോസിന്‍റെ അരക്കച്ച എടുത്ത് തന്‍റെ സ്വന്തം കൈകാലുകളെ കെട്ടി: “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജനതകളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവ് പറയുന്നു” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ യെരൂശലേമിൽ പോകരുത് എന്നു പൗലോസിനോട് ഞങ്ങളും അവിടത്തുകാരും അപേക്ഷിച്ചു. അതിന് പൗലൊസ്: “നിങ്ങൾ കരഞ്ഞ് എന്‍റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്‍റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കുവാനും ഞാൻ ഒരുങ്ങിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിക്കാൻ കഴിയാതെവന്നപ്പോൾ: “കർത്താവിന്‍റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞ് ഞങ്ങൾ മിണ്ടാതിരുന്നു. അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ യാത്രയ്ക്ക് ഒരുങ്ങി യെരൂശലേമിലേക്ക് പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, ഞങ്ങൾ താമസിക്കേണ്ടിയിരുന്നത് കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു ആദ്യകാല ശിഷ്യനോടുകൂടെയായിരുന്നു. അതുകൊണ്ട് അവർ അവനെയും കൂടെക്കൊണ്ടു പോന്നു. യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു.