പ്രവൃത്തികൾ 2:32-41

പ്രവൃത്തികൾ 2:32-41 IRVMAL

ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന് ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്‍റെ വലഭാഗത്തേക്ക് ഉയർത്തപ്പെട്ടു, പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു. ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ല, എങ്കിലും അവൻ: ‘ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്‍റെ കർത്താവിനോട് അരുളിച്ചെയ്തു’ എന്നു പറയുന്നു. “ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” ഇത് കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്നു ചോദിച്ചു. പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും. ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്നു പറഞ്ഞു. മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിക്കപ്പെടുവിൻ” എന്നു പറഞ്ഞു. അവന്‍റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോട് ചേർന്നു.