2 കൊരി. 8:1-9

2 കൊരി. 8:1-9 IRVMAL

സഹോദരന്മാരേ, മക്കെദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയേണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി. അവർ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി. വിശുദ്ധന്മാരുടെ ശുശ്രൂഷാസഹായത്തിനായുള്ള കൂട്ടായ്മയിൽ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു. അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു. അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ, നിങ്ങളുടെ ഇടയിൽ ഈ കൃപയുടെ പ്രവൃത്തി നിവർത്തിക്കേണം എന്നു ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചു. എന്നാൽ വിശ്വാസത്തിലും, വാക്കിലും, അറിവിലും, സകല ഉത്സാഹത്തിലും, ഞങ്ങളോടുള്ള സ്നേഹത്തിലും ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ ശ്രേഷ്ഠരായിരിക്കുന്നതുപോലെ ഈ കൃപയുടെ പ്രവൃത്തിയിലും ശ്രേഷ്ഠരാകുവിൻ. ഞാൻ ഇത് കല്പനയായിട്ടല്ല, നിങ്ങളുടെ സ്നേഹത്തിൻ്റെ പരമാർത്ഥത, മറ്റുള്ളവരുടെ ഉത്സാഹത്താൽ തെളിയിക്കപ്പെടേണ്ടതിനത്രേ പറയുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും, അവന്‍റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്, നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.