വെളിപ്പാട് 1:4-7

വെളിപ്പാട് 1:4-7 MALOVBSI

യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേൻ. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേൻ.