അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്ക് അധികാരം കൊടുത്തു. പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരാവിത്: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ. ഈ പന്ത്രണ്ടു പേരെയും യേശു അയയ്ക്കുമ്പോൾ അവരോട് ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽതന്നെ ചെല്ലുവിൻ. നിങ്ങൾ പോകുമ്പോൾ: സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ. മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടുടുപ്പും ചെരിപ്പും വടിയും കരുതരുത്; വേലക്കാരൻ തന്റെ ആഹാരത്തിനു യോഗ്യനല്ലോ. ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്ന് അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടെത്തന്നെ പാർപ്പിൻ. ആ വീട്ടിൽ ചെല്ലുമ്പോൾ അതിന് വന്ദനം പറവിൻ. വീട്ടിനു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ. ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടെയും ഗമോര്യരുടെയും ദേശത്തിനു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽ വച്ച് ചമ്മട്ടികൊണ്ട് അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടൂ എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളത് ആ നാഴികയിൽ തന്നെ നിങ്ങൾക്കു ലഭിക്കും. പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ. സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽപട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 10 വായിക്കുക
കേൾക്കുക മത്തായി 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 10:1-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ