ലൂക്കൊസ് 13:22-30

ലൂക്കൊസ് 13:22-30 MALOVBSI

അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് യെരൂശലേമിലേക്കു യാത്രചെയ്തു. അപ്പോൾ ഒരുത്തൻ അവനോട്: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന് അവനോടു പറഞ്ഞത്: ഇടുക്കുവാതിലിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റു കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിനു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെനിന്ന് എന്ന് ഞാൻ അറിയുന്നില്ല, എന്ന് അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറഞ്ഞുതുടങ്ങും. അവനോ: നിങ്ങൾ എവിടെനിന്ന് എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവർത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടു പോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും, നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിൽ ഇരിക്കും. മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരുണ്ട്, പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.