ഇയ്യോബ് 16
16
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ഞാൻ ഈ വക പലതും കേട്ടിട്ടുണ്ട്;
നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
3വ്യർഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ?
അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നത് എന്ത്?
4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ
എനിക്കും നിങ്ങളുടെ നേരേ മൊഴികളെ യോജിപ്പിക്കയും
നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
5ഞാൻ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും
അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
6ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല;
ഞാൻ അടങ്ങിയിരുന്നാലും എനിക്ക് എന്ത് ആശ്വാസമുള്ളൂ?
7ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;
നീ എന്റെ ബന്ധുവർഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
8നീ എന്നെ പിടിച്ചിരിക്കുന്നു; അത് എന്റെ നേരേ സാക്ഷ്യമായിരിക്കുന്നു;
എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
9അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;
അവൻ എന്റെ നേരേ പല്ലു കടിക്കുന്നു;
ശത്രു എന്റെ നേരേ കണ്ണു കൂർപ്പിക്കുന്നു.
10അവർ എന്റെ നേരേ വായ് പിളർക്കുന്നു;
നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു;
അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
11ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു;
ദുഷ്ടന്മാരുടെ കൈയിൽ എന്നെ അകപ്പെടുത്തുന്നു.
12ഞാൻ സ്വൈരമായി വസിച്ചിരുന്നു;
അവനോ എന്നെ ചതച്ചുകളഞ്ഞു;
അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു;
എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു.
13അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു;
അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു;
എന്റെ പിത്തത്തെ നിലത്ത് ഒഴിച്ചുകളയുന്നു.
14അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു;
മല്ലനെപ്പോലെ എന്റെ നേരേ പായുന്നു.
15ഞാൻ രട്ട് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
16കരഞ്ഞുകരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു;
എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.
17എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല.
എന്റെ പ്രാർഥന നിർമ്മലമത്രേ.
18അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ;
എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
19ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും
എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
20എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;
എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു.
21അവൻ മനുഷ്യനുവേണ്ടി ദൈവത്തോടും
മനുഷ്യപുത്രനുവേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
22ചില ആണ്ട് കഴിയുമ്പോഴേക്കു ഞാൻ മടങ്ങിവരാത്ത പാതയ്ക്കു പോകേണ്ടിവരുമല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോബ് 16: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.