യാക്കോബ് 2:14-26

യാക്കോബ് 2:14-26 MALOVBSI

സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്ത്? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ? ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോട്: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കയും ചെയ്‍വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു. എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ട്; എനിക്കു പ്രവൃത്തികൾ ഉണ്ട് എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറയ്ക്കയും ചെയ്യുന്നു. വ്യർഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണമായി എന്നും നീ കാണുന്നുവല്ലോ. അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽതന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയയ്ക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.